ന്യൂഡൽഹി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം എത്തിയതായിരുന്നു ജയശങ്കർ. ഇന്ത്യ- കാനഡ നയതന്ത്ര പ്രശ്‌നം കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് ലഭിക്കുന്ന വിവരം. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സുള്ളിവനുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
Great to meet my friend US Secretary of State @SecBlinken at State Department today.
A wide ranging discussion, following up on PM @narendramodi’s June visit. Also exchanged notes on global developments.
Laid the groundwork of our 2+2 meeting very soon. pic.twitter.com/mOw9SIX1dO
— Dr. S. Jaishankar (@DrSJaishankar) September 28, 2023
ജയശങ്കർ- ബ്ലിങ്കൻ കൂടിക്കാഴ്ചയിലെ വിവരങ്ങൾ തൽക്കാലം പുറത്തുവിടാൻ സാധിക്കില്ലെന്ന് ശേഷം മാദ്ധ്യമങ്ങളെ കണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യുമില്ലർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യയോട് അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മില്ലർ ആവർത്തിച്ചു. വിഷയത്തിൽ യുഎസ് സജീവമായി ഇടപെടുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ശമിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
ആരോപണം ഉന്നയിക്കുക മാത്രമല്ല, തെളിവുണ്ടെങ്കിൽ അത് പുറത്തുവിടാൻ കാനഡ തയ്യാറാകണമെന്ന് ജയശങ്കർ ന്യൂയോർക്കിൽ ആവശ്യപ്പെട്ടിരുന്നു. മറ്റൊരു രാജ്യത്തിൽ കടന്നുകയറി അതിക്രമം കാണിക്കുന്ന ശീലം ഇന്ത്യയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിച്ച് തെളിവ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.