ന്യൂഡൽഹി: ചാന്ദ്ര രാത്രിയിലേക്ക് കടക്കുമ്പോൾ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം പുനരുജ്ജീവിക്കുമെന്ന പ്രതീക്ഷ കൈവിടാതെ ശാസ്ത്രലോകം. ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം തിരിച്ചെത്തിയത് മുതൽ ലാൻഡർ-റോവറുമായി ബന്ധപ്പെടാൻ ഇസ്രോ ശ്രമിച്ചുവെങ്കിലും ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. സെപ്തംബർ 30-ന് ചാന്ദ്ര രാത്രി ആരംഭിക്കുന്നതിനാൽ പേടകവുമായുള്ള ആശയവിനിമയം നടക്കാനുള്ള സാധ്യത കുറവാണ്.
14 ഭൗമദിനങ്ങൾ നീണ്ടുനിൽക്കുന്ന ചാന്ദ്ര രാത്രി അതിശൈത്യവും ഇരുട്ട് നിറഞ്ഞതുമാണ്. അതിനാൽ ചന്ദ്രയാൻ-3 ഉണരുന്നതിനുള്ള സാധ്യത കുറവാണ്. ഈ കാലയളവിൽ ചന്ദ്രോപരിതലത്തിലെ താപനില മൈനസ് 180 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും ലാൻഡറും പ്രഗ്യാനും പ്രവർത്തനരഹിതമാകുകയും ചെയ്യുന്നു.
സെപ്റ്റംബർ രണ്ട് മുതൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സ്ലീപ് മോഡിലാണ്. ചാന്ദ്ര രാത്രിയിലെ പ്രതികൂല സാഹചര്യങ്ങളെ പേടകം അതിജീവിക്കുമെന്ന് ഇസ്രോ നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പേടകം ഒരു രാത്രി അതിജീവിക്കുകയാണെങ്കിൽ മറ്റ് ചാന്ദ്ര രാത്രികളെയും അതിജീവിക്കുമെന്നും ഇസ്രോ അറിയിച്ചു.
ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിലിറങ്ങിയ ചന്ദ്രയാൻ-3 ലക്ഷ്യം ഭേദിച്ച് നിരവധി വിലപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു. ചെറിയ മൂലകങ്ങളുടെയും സൾഫറിന്റെയും സാന്നിധ്യം ചന്ദ്രയാൻ കണ്ടെത്തി. ചന്ദ്രയാൻ ഉണരുന്നതും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.