പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാർക്കും ഇന്ന് പൊതുവെ കാണുന്ന ഒന്നാണ് വിറയൽ. ഒരു കപ്പ് ചായ എടുക്കുമ്പോൾ, പേന നന്നായി പിടിക്കാൻ നോക്കുമ്പോൾ, സാമ്പ്രാണി കത്തിക്കുമ്പോൾ ഇങ്ങനെ പല അവസരത്തിലും കൈ വിറയൽ അനുഭവപ്പെടാറുണ്ട്. ആരെയെങ്കിലും കണ്ടാൽ, എന്തെങ്കിലും ചോദിച്ചാൽ, ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഒക്കെ ആൾക്കാർക്ക് കൈവിറയൽ ഉണ്ടാകാറുണ്ട്. എന്നാൽ പേടി കൊണ്ട് മാത്രം വരുന്നതാണ് വിറയൽ എന്നാണ് പലരും കരുതുന്നത്. അതുകൊണ്ട് ചികിത്സിക്കാനും പോകാറില്ല. എന്നാൽ ചികിത്സിക്കാൻ ശ്രമിക്കാത്തത് നിങ്ങളെ ഗുരുതരാവസ്ഥയിൽ കൊണ്ടെത്തിച്ചേക്കാം.
കൈകൾക്ക് തുടർച്ചയായി വരുന്ന വിറയൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?. മസ്തിഷ്കത്തിലെ പ്രധാന ഭാഗങ്ങൾക്ക് വരുന്ന നാഡീ വ്യവസ്ഥയ്‌ക്ക് വരുന്ന ചില അപചയത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. പാർക്കിൻസൺ എന്ന അസുഖമാവാം ഇതിന് കാരണം. തലച്ചോറിനെ തകരാറിലാക്കുന്ന വിവിധ രോഗങ്ങളുണ്ട്. അത്തരം രോഗങ്ങളിലൊന്നാണ് പാർക്കിൻസൺസ് രോഗം. നാഡീവ്യവസ്ഥയുടെ തകരാറാണ് ഇത്. ചെറിയ രീതിയിൽ ആരംഭിച്ച് ക്രമേണ തീവ്രത വർദ്ധിക്കുന്ന രോഗം. ചിലപ്പോൾ കൈ വിറയൽ മാത്രമേ ആദ്യഘട്ടത്തിൽ തോന്നൂ. എന്നാൽ, പിന്നീട് കൈ പതിയെ തളരാൻ തുടങ്ങും.
ഈ രോഗം ബാധിച്ച് കഴിഞ്ഞാൽ ഇടവേളകളില്ലാതെ വിറയൽ വന്നുകൊണ്ടിരിക്കും. വിശ്രമ വേളകളിലടക്കം വിറയൽ നിർത്താതെ വരും. ടെൻഷൻ കൂടുമ്പോൾ ഇത്തരക്കാർക്ക് അസുഖം വളരെ പെട്ടന്ന് മൂർച്ഛിക്കുന്നു. ചലനങ്ങളിലെ ചടുലത നഷ്ട്ടപ്പെടുന്നത് പതിവാണ്. അതിനാൽ സാധാരണ കാര്യങ്ങൾ ചെയ്യുവാൻ പോലും ഇത്തരക്കാർ പാടുപെടും. വിറയൽ, മന്ദഗതിയിലുള്ള ചലനം, പേശികൾ മുറുകുക, ബാലൻസ് തകരാറ്, സംസാരത്തിലെ മാറ്റങ്ങൾ എന്നിവയാണ് പാർക്കിൻസൺ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അതിനാൽ വിറയൽ അനുഭവപ്പെടുന്നവർ അത് അവഗണിക്കാതെ ഡോക്ടർമാരെ കണ്ട് ചികിത്സ നേടേണ്ടത് അത്യാവശ്യമാണ്.