ഇടുക്കി: മോട്ടോർ വാഹന വകുപ്പിനെതിരെ അസഭ്യ വർഷവുമായി എം.എം മണി എം.എൽഎ. അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സിപിഎം നേതാവ് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. ഉടുമ്പൻചോല താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിലാണ് മണിയുടെ വിവാദ പരാമർശങ്ങൾ.
ആർടിഒ ആയാലും ജോയിന്റ് ആർടിഒ ആയാലും റവന്യൂ ഉദ്യോഗസ്ഥനായാലും കലക്ടറായാലും ചീഫ് സെക്രട്ടറി ആയാലും മര്യാദകേട് കാണിച്ചാൽ ശക്തമായി എതിർക്കുമെന്ന് പറഞ്ഞ എംഎം മണി, കേട്ടാൽ അറയ്‌ക്കുന്ന തരത്തിലുള്ള അസഭ്യമാണ് പരസ്യമായി പറഞ്ഞത്. ‘നികുതിപിരിക്കാൻ സർക്കാരിന് സംവിധാനമുണ്ട്. സർക്കാർ നിങ്ങളോട് കൊള്ളയടിക്കാൻ പറഞ്ഞോ? ഞങ്ങൾ രാഷ്‌ട്രീയം എടുത്താൽ നീയൊന്നും പിന്നെ ഇവിടെ ജീവിക്കില്ല എന്നാണ് എംഎൽഎ ഭീഷണി മുഴക്കിയത്.
എന്തെങ്കിലും കേസെടുക്കുക. എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മൊതലുണ്ടാക്കാൻ പറഞ്ഞെന്ന്. സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങൻമാരെയും ഒക്കെ കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സർക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനമുണ്ട്. അത് പറയുന്നവൻ രാഷ്‌ട്രീയക്കാരനാണ്. അവനെ നമ്മൾ രാഷ്‌ട്രീയമായി നേരിടണം എന്നും എംഎം മണി പറഞ്ഞു. പരസ്യമായി ഹീനമായ ലൈംഗികാധിക്ഷേപം നടത്തുകയായിരുന്നു സിപിഎം നേതാവ്.















