കന്നട സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു കാന്തര. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറി ചിത്രം കൂടിയായിരുന്നു കാന്താര നടൻ ഋഷഭ് ഷെട്ടി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം വലിയ നിരൂപക പ്രശംസയും നേടി. ഋഷഭ് തന്നെയായിരുന്നു ചിത്രത്തിലെ നായകനായും എത്തിയത്. മലയാളമടക്കം വിവിധ ഭാഷകളിലാണ് ചിത്രം പ്രദർശത്തിനെത്തിയത്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായം നേടി. രണ്ടു ഭാഗങ്ങളിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നും ഈ വർഷം തന്നെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
ഇപ്പോഴിതാ കാന്തരയുടെ രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. 100 കോടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. നവംബർ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കന്താരയുടെ ആദ്യ ഭാഗം ഋഷഭ് ഷെട്ടിയുടെ ജന്മനാടായ കുന്ദാപുരയിലാണ് ചിത്രീകരിച്ചത്. എന്നാൽ രണ്ടാം ഭാഗം മംഗലാപുരത്തായിരിക്കും ചിത്രീകരിക്കുക. കാടും ഭൂമിയും ജലവും എല്ലാം ഉൾക്കൊള്ളുന്ന പ്രദേശമാണ് ചിത്രീകരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. നാല് മാസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തും.
രണ്ടാം ഭാഗത്തിനായി വമ്പൻ മേക്കോവറാണ് നടൻ ഋഷഭ് ഷെട്ടി നടത്തിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ മുടി നീട്ടി വളർത്തിയ കഥാപാത്രമായാണ് ഋഷഭ് എത്തിയതെങ്കിൽ രണ്ടാം ഭാഗത്തിൽ മുടി മുറിച്ച് ക്ലീൻ ലുക്കിലാണ് താരം എത്തുന്നത്. പുതിയ ഗെറ്റപ്പ് ഋഷഭ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകർ. കാന്താരയുടെ ആദ്യ ഭാഗം 16 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച് 400 കോടിയോളം കളക്ഷൻ നേടിയിരുന്നു. ആദ്യം കന്നഡയിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് മലയാളമുൾപ്പെടെയുള്ള മറ്റ് ഭാഷകളിലും റിലീസ് ചെയ്യുകയായിരുന്നു.















