കോഴിക്കോട്: കൊയിലാണ്ടിയിൽ പോലീസിന് നേരെ പ്രതിയുടെ ആക്രമണം. എഎസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഭർത്താവ് ശല്യം ഉണ്ടാക്കിയെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസുകാരെയാണ് പ്രതി ആക്രമിച്ചത്. ചെങ്കോട്ടുകാവ് മാടാക്കര മൂന്നുകുടിക്കൽ അബ്ദുൾ റൗഫ് ആണ് പ്രതി. ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ പോലീസ് വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എഎസ്ഐ വിനോദ്, സിപിഒ ഗംഗേഷ്, ഹോം ഗാർഡ് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസുകാരന്റെ തലയ്‌ക്കാണ് അടിയേറ്റിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.