ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകാനും വേഗത്തിൽ അടുത്ത യാത്രക്ക് സജ്ജമാക്കാനുമായി ’14 മിനിറ്റ് മിറാക്കിളുമായി’ ഇന്ത്യൻ റെയിൽവേ. 14 മിനിറ്റ് കൊണ്ട് വന്ദേ ഭാരത് ട്രെയിൻ വൃത്തിയാക്കി അടുത്ത യാത്രക്ക് സജ്ജമാക്കുന്നതാണ് പദ്ധതി. ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ വൃത്തിയാക്കുന്ന ഏഴ് മിനിറ്റ് മിറാക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പദ്ധതി.
ചരിത്രപരമായ ചുവടുവെപ്പാണ് ഇതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കൃത്യനിഷ്ഠയും സമയക്രമവും പാലിക്കാനുള്ള റെയിൽവേയുടെ പ്രതിബദ്ധതയാണ് ഇതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് മണിക്കൂർ നേരമെടുത്ത് വൃത്തിയാക്കിയിരുന്ന ട്രെയിൻ ഇനി 14 മിനിറ്റ് കൊണ്ട് വൃത്തിയാക്കി അടുത്ത യാത്രയ്‌ക്കൊരുങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഇതിനായി ഓരോ വന്ദേ ഭാരതിലും നാല് ജീവനക്കാരെയാണ് വിന്യസിക്കുന്നത്. ദ്രുതഗതിയിൽ ശുചിയാക്കാനായി ശുചീകരണ തൊഴിലാളികൾക്ക് ഒരുമാസത്തിലേറെ പരിശീലനം നൽകിയിരുന്നു.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചുള്ള സ്വച്ഛത ഹി സേവ സ്വച്ഛത പഖ്വാഡയുടെ ഭാഗമായി ഇന്ന് ശുചിത്വ യജ്ഞവും നടന്നു. സെപ്റ്റംബർ 15 മുതൽ ആരംഭിച്ച യജ്ഞത്തിൽ 6,85,883 മണിക്കൂറുകൾ കൊണ്ട് 20 ലക്ഷം പേരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.















