ഹൈദരാബാദ്: ഇൻഡിഗോ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കമർ റിയാസ് എന്ന യാത്രികനെയാണ് പോലീസ് അസ്റ്റ് ചെയ്തത്. ഇയാൾ ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറുകയും ശുചിമുറിയിൽ കയറി വാതിൽ പൂട്ടുകയുമായിരുന്നു. വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച ഇായാൾക്കെതിരെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
ഹൈദരാബാദിൽ നിന്നും പട്‌നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം 6ഇ 126-ലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹൈദരാബാദിൽ നിന്നും പട്‌നയിലേക്ക് കമർ ഒരു ബന്ധുവിനൊപ്പമാണ് യാത്ര ചെയ്തിരുന്നത്. ഇതിനിടെ ഇയാൾ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ശുചിമുറിയിൽ കയറി സ്വയം പൂട്ടിയിടുകയുമായിരുന്നു. തുടർന്ന് വിമാനം പട്‌നയിലെത്തിയതോടെ ഇയാളെ ജീവനക്കാർ എയർപോർട്ട് പോലീസിൽ ഏൽപ്പിച്ചു. കമറിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ഇയാൾ മാനസിക വെല്ലുവിളികൾ നേരിടുന്നയാളാണെന്നും വർഷങ്ങളായി ചികിത്സ തേടുന്ന രോഗിയാണെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും എയർപോർട്ട് പോലീസ് വ്യക്തമാക്കി.















