വാഷിംഗ്ടൺ: ബഹിരാകാശ, സാങ്കേതികവിദ്യ, ഫാർമസി മേഖലകളിൽ ഭാരതം കൈവരിച്ചത് സുപ്രധാന നേട്ടങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുതിയ ഭാരതം ചന്ദ്രയാനിന്റെ ഭാരതമാണ്, കോവിനിന്റെ ഭാരതം കൂടാതെ 5ജി യുടെതും. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യാ ഹൗസിൽ നടന്ന ‘കളേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്’ പരിപാടിയിൽ ഭാരതീയരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ
‘ചന്ദ്രയാൻ -3 ന്റെ വിജയം വലിയ നേട്ടമാണ്. ബഹിരാകാശ രംഗത്ത് വിജയം കൈവരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഭാരതം എന്ന പേരും സുവർണലിപികളിൽ എഴുതപ്പെട്ടു. ഇന്ത്യ – യുഎസ് ബന്ധം അതിദൃഢമായാണ് മുന്നോട്ട് പോകുന്നത്. ഇന്ന് കാണുന്നതാണ് യഥാർത്ഥ ഭാരതം. അമേരിക്കയ്‌ക്ക് പ്രവർത്തിക്കാനുള്ള ആഗ്രഹം ഈ ഭാരതവുമായി ചേർന്നാണ്’ അദ്ദേഹം പറഞ്ഞു
ചന്ദ്രയാൻ -3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുമുട്ടിയ അനുഭവവും അദ്ദേഹം സദസ്യരോട് പങ്കുവെച്ചു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും വിദേശത്തായിരുന്നപ്പോളാണ് ചന്ദ്രയാന്റെ വിജയം. ലാൻഡിംഗ് നടക്കുമ്പോൾ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഒരു മീറ്റിംഗിലായിരുന്നു. മിറ്റിംഗിൽ നിന്ന് അവധി എടുത്താണ് വിജയം വീക്ഷിച്ചത്. ശേഷം പ്രധാനമന്ത്രി ഐഎസ്ആർഒ ഉദ്യോഗസ്ഥരോട് സംവദിച്ചു. കാരണം അത്രയേറെ പിരിമുറുക്കമുള്ള നിമിഷങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ആ സമയത്ത് ആരെങ്കിലും ദൗത്യത്തെക്കുറിച്ച് ആത്മവിശ്വാസം നൽകാൻ അവരുടെ കൂടെ നിൽക്കേണ്ടത് ആവശ്യമായിരുന്നു. പ്രധാനമന്ത്രി മോദിയേക്കാൾ മികച്ച ഉറപ്പ് നൽകാൻ മറ്റാർക്കും കഴിയില്ലെന്നും’ ജയശങ്കർ കൂട്ടിച്ചേർത്തു .
മുൻപ് മറ്റ് രാജ്യങ്ങളിൽ ഭാരതീയർ അനുഭവിക്കേണ്ടി വന്ന വിവേചനത്തെ കുറിച്ചും ജയശങ്കർ പ്രസംഗത്തിൽ തുറന്ന് കാട്ടി. എൺപതുകളുടെ തുടക്കത്തിൽ, നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്നും നിങ്ങൾക്ക് എന്താണ് അറിയാവുന്നതെന്നും വിശദീകരിക്കേണ്ട സമയത്തിലൂടെയാണ് ഭാരതീയർ കടന്നു പോയിത്.
അന്ന് യുഎസ് കോൺഗ്രസിലെ മുറികളിലേക്ക് കയറാൻ പോലും ഭാരതീയരെ അനുവദിക്കില്ല. അന്ന് ഒറ്റ ഇന്ത്യക്കാരനും കോൺഗ്രസിൽ അംഗമായിരുന്നില്ല. എന്നാൽ ഇന്ന് ഭാരതവും യുഎസും തമ്മിൽ പരസ്പരം കൈകോർത്താണ് മുന്നോട്ട് കുതിക്കുന്നത് അദ്ദേഹം പറഞ്ഞു.















