ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് താരം അഭിമാനമായത്. തന്റെ അവാസന ശ്രമത്തില്‍ 8.19 മീറ്റര്‍ താണ്ടിയാണ് മലയാളി താരം ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്. 1500 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ രണ്ടു മെഡലുകള്‍ നേടി. അജയ് കുമാര്‍ സരോജ് ഈ ഇനത്തില്‍ വെള്ളി നേടിയപ്പോള്‍ മലയാളി താരം ജിണ്‍സണ്‍ ജോണ്‍സനാണ് വെങ്കലം.
സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ജിന്‍സണ് വെള്ളി നഷ്ടമായത്. വനിത വിഭാഗം 1500 മീറ്ററില്‍ ഹര്‍മിലന്‍ ബെയിന്‍സ് വെള്ളി നേടി. ഹെപ്റ്റാത്തലണില്‍ (800 മീറ്റര്‍ മെഡല്‍ റൗണ്ട്) നന്ദിനി അഗസരയ്‌ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 50 കടന്നു. പിന്നാലെ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി സീമ പൂനിയ ഇന്ത്യക്ക് 51-ാം മെഡല്‍ സമ്മാനിച്ചു. നാലാമത്തെ ശ്രമത്തില്‍ കുറിച്ച 58.62 മീറ്റര്‍ ദൂരമാണ് താരത്തിന് മെഡല്‍ സമ്മാനിച്ചത്. ജ്യോതി യര്‍രാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കലം നേടിയതോടെ മെഡല്‍ നേട്ടം 52 ആയി.