ന്യൂഡല്‍ഹി : രാജസ്ഥാനിലെ ചിത്തോര്‍ഗഡില്‍ 7,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുവെപ്പായി, മെഹ്‌സാന-ഭട്ടിന്‍ഡ-ഗുരുദാസ്പൂര്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 4,500 കോടിയോളം രൂപ ചെലവഴിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്.
കൂടാതെ അബു റോഡില്‍ എച്ച്പിസിഎല്ലിന്റെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എല്‍പിജി പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യ്തു. ഈ പ്ലാന്റ് പ്രതിവര്‍ഷം 86 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യും. ഇതുവഴി സിലിണ്ടറുകള്‍ വഹിച്ചുകൊണ്ട് പോകുന്ന ട്രക്കുകളുടെ ഓട്ടം പ്രതിവര്‍ഷം ഏകദേശം 0.75 ദശലക്ഷം കിലോമീറ്ററായി കുറയ്‌ക്കാനും അതിലൂടെ പ്രതിവര്‍ഷം 0.5 ദശലക്ഷം ടണ്‍ കാണ്‍ബണ്‍ഡൈ ഓക്‌സൈഡ് ഉദ്വമനം ഇല്ലാതാക്കാനും സഹായിക്കും. ഐ.ഒ.സി.എല്ലിന്റെ (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) അജ്മീര്‍ ബോട്ടിലിംഗ് പ്ലാന്റിലെ അധിക സംഭരണിയുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.
1,480 കോടിയിലധികം ചെലവില്‍ നിര്‍മ്മിച്ച എന്‍എച്ച് 12 (പുതിയ എന്എച്ച് 52) ദരാഹ്-ജലാവര്‍-തീന്ദര്‍ നാലുവരി പാതയും പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കോട്ട, ജലവാര്‍ ജില്ലകളിലെ ഖനികളല്‍ നിന്നുള്ള ഉത്പന്നങ്ങളുടെ നീക്കം സുഗമമാക്കാന്‍ ഈ പദ്ധതി സഹായിക്കും. കൂടാതെ, സവായ് മധോപൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് (ആര്‍.ഒ.ബി) രണ്ട് വരിയില്‍ നിന്ന് നാല് വരിയായി ഉയര്‍ത്തുന്നതിനായി തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ഗതാഗതക്കുരുക്കില്‍ നിന്ന് ആശ്വാസം നല്‍കുന്നതിന് ഈ പദ്ധതി സഹായിക്കും.
ഇരട്ടിപ്പിച്ച ചിത്തോര്‍ഗഡ്-നീമച്ച് റെയില്‍ പാത, വൈദ്യുതീകരിച്ച കോട്ട – ചിത്തോര്‍ഗഡ് റെയില്‍ പാത എന്നിവയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച റെയില്‍വേ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. 650 കോടിയിലധികം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍, ഈ മേഖലയിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തും. രാജസ്ഥാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദസഞ്ചാരവും ഇവ പ്രോത്സാഹിപ്പിക്കും.
നാഥദ്വാരയില്‍ ‘സ്വദേശ് ദര്‍ശന്‍’ പദ്ധതി പ്രകാരം വികസിപ്പിച്ച ടൂറിസം സൗകര്യങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യ്തു. വിശുദ്ധ വല്ലഭാചാര്യന്‍ പ്രചരിപ്പിച്ച പുഷ്ടിമാര്‍ഗിന്റെ ദശലക്ഷക്കണക്കിന് അനുയായികളുടെ പ്രധാനപ്പെട്ട വിശ്വാസകേന്ദ്രമാണ് നാഥദ്വാര. അതോടൊപ്പം കോട്ടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സ്ഥിരം കാമ്പസും പ്രധാനമന്ത്രി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.