തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 13 കോടിയുടെ നിക്ഷേപ തട്ടിപ്പ് ഒതുക്കി തീർക്കാൻ കെപിസിസിയുടെ ശ്രമം. തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്നും അതുവരെ സർക്കാരിന് പരാതി നൽകരുതെന്നും കെപിസിസി ആവശ്യപ്പെട്ടതായി നിക്ഷേപകർ പറയുന്നു.
എന്നാൽ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമം പുറത്തായതോടെ സൊസൈറ്റിയുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് കെപിസിസി വിശദീകരിച്ചു. വിഷയത്തിൽ ഇടപെടില്ലെന്നും നിക്ഷേപകർക്ക് പണം നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിട്ടില്ലെന്നും കെപിസിസി അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതിപക്ഷം ഉയർത്തി കൊണ്ടുവരുന്നതിനിടയിലാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോർപറേറ്റീവ് സൊസൈറ്റിയിലും തട്ടിപ്പ് നടന്നിരിക്കുന്നത്. 300 ഓളം നിക്ഷേപകർക്ക് 13 കോടിയാണ് തിരിച്ചുകിട്ടാനുള്ളത്. അതേസമയം ഒരു മാസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം നൽകുമെന്ന് സൊസൈറ്റി പ്രസിഡൻറ് എം. രാജേന്ദ്രൻ പറഞ്ഞു