തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് പോലീസ്. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് അഖിൽ സജീവിനെയും ലെനിനെയും കന്റോൺമെന്റ് പോലീസ് പ്രതി ചേർത്തിരിക്കുന്നത്. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
നാളെ കോടതിയിൽ കന്റോൺമെന്റ് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ ഹരിദാസനിൽ നിന്ന് ലെനിൻ 50000 രൂപയും അഖിൽ സജീവ് 25000 രൂപയും തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അഖിൽ സജീവ് നാഷണൽ ആയൂഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതായും ഇതിൽ നിന്ന് ഹരിദാസന്റെ മരുമകൾക്ക് സന്ദേശം അയച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒളിവിലുള്ള അഖിൽ സജീവനും ലെനിനും വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അഖിൽ സജീവൻ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കേസിൽ ബാസിതിനെ പ്രതി ചേർക്കുന്നതിൽ പോലീസ് തീരുമാനമെടുത്തിട്ടില്ല.















