വയനാട്: തലപ്പുഴയിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം. തലപ്പുഴ ചുങ്കം പൊയിലില്‍ അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമാണെത്തിയത്. തലപ്പുഴ സ്വദേശി ജോണിയുടെ വീട്ടിൽ ഞായറാഴ്ചയാണ് സംഘമെത്തിയത്. വെെകീട്ട് 7.15-ഓടെ എത്തിയ സംഘം 10.15 വരെ ഇയാളുടെ വീട്ടിൽ ചിലവഴിച്ചു.
ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുകയും ദിനപത്രം പരിശോധിക്കുകയും ചെയ്തു. ശേഷം വീട്ടിൽനിന്നും പത്രങ്ങളെടുത്തതിന് ശേഷമാണ് സംഘം സ്ഥലംവിട്ടത്. സെപ്റ്റംബർ 28ന് വയനാട് കമ്പമല എസ്റ്റേറ്റിലെ കേരള വനംവകുപ്പിന്റെ ഓഫീസ് അഞ്ചംഗ സായുധസംഘം തല്ലിതകര്‍ത്തിരുന്നു. ഇതേ സംഘമാണ് ഇന്നലെ ജോണിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
കമ്പമലയിൽ എത്തിയ ആറംഗ സംഘം ഓഫീസ് അടിച്ചു തകർത്ത ശേഷം പോസ്റ്ററുകൾ പതിപ്പിച്ചാണ് ഇവർ രക്ഷപ്പെട്ടത്. സംഭവ സമയത്ത് ഡെപ്യൂട്ടി ഓഫീസർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥനോട് കുറച്ചു സമയം സംസാരിച്ചതിനു ശേഷമാണ് അക്രമികൾ ആക്രമണം നടത്തിയത്. തമിഴിലും മലയാളത്തിലുമായാണ് സന്ദേശങ്ങൾ പതിപ്പിച്ചത്.