മലപ്പുറം: ശിരോവസ്ത്രം അഴിച്ചുവെച്ച് മുന്നോട്ടുവന്ന മലപ്പുറത്തെ മുസ്ലീം സ്ത്രീകൾക്ക് പിന്തുണ നൽകിയത് സിപിഎമ്മാണെന്ന സിപിഎം നേതാവ് കെ. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ മുസ്ലീം സംഘടനകൾ. അനിൽ കുമാറിന്റെ പ്രസംഗം മുസ്ലീം സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. ഈ പരാമർശത്തെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലെ പ്രസംഗത്തിലാണ് കെ. അനിൽകുമാർ പ്രസ്തുത പരാമർശം നടത്തിയതെന്നാണ് സംഘടന ആരോപിക്കുന്നത്. സമുദായത്തെയും സമുദായത്തിലെ പെൺകുട്ടികളെയും താഴ്‌ത്തി കെട്ടുന്നതാണ് പരാമർശമെന്നും ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും പിൻമാറണമെന്നും മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു.
ലിറ്റ്മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്ലിം പെൺകുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിലെ മഹത്വം വിവരിച്ച് നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സിപിഎം തയ്യാറാകണം. മനുഷ്യത്വ വിരുദ്ധ നവലിബറൽ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണം. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.















