ശ്രീനഗർ: ഭൂരഹിതരായ കശ്മീർ നിവാസികൾക്ക് ഭൂമി പതിച്ച് നൽകി ജമ്മു കശ്മീർ ഭരണകൂടം. സ്വച്ഛ് ഭാരത് ദിവസ്’ ഭാഗമായി രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഭൂമി അനുവദിച്ചു കൊണ്ടുള്ള ഉത്തരവുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. ഗ്രാമപഞ്ചായത്തുകളിലെ ഇടപാടുകൾ കറൻസി രഹിതമാക്കുന്ന പദ്ധതിക്കും മനോജ് സിൻഹ തുടക്കം കുറിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ ഭൂരഹിതരായ 245 പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കൾക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്. ജമ്മു കശ്മീരിലുടനീളമുള്ള 13 ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ കെട്ടിടങ്ങളും അദ്ദേഹം നാടിന് സമർപ്പിച്ചു.
ജമ്മു കശ്മീരിന് വേണ്ടി പുത്തൻ വികസന മോഡൽ രൂപപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഫ്റ്റനന്റ് ഗവർണർ നന്ദി രേഖപ്പെടുത്തി. ഗ്രാമീണരുടെ ജീവിതത്തിൽ സാമൂഹിക-സാമ്പത്തിക പരിവർത്തനം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ ലഫ്റ്റനന്റ് ഗവർണർ ചടങ്ങിൽ വിശദീകരിച്ചു. ‘ഗതാഗത സംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ ഗ്രാമങ്ങൾ നഗരങ്ങളോട് അടുത്തുകഴിഞ്ഞു. ഗ്രാമീണ മേഖലയിലെ വളർച്ച പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് പുത്തൻ ഊൗർജം പകരുന്നതായും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു.
ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിൽ 100% നേട്ടം കൈവരിച്ച ഗ്രാമവികസന വകുപ്പിനെയും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ പ്രതിനിധികളെയും അദ്ദേഹം അഭിനന്ദിച്ചു.എല്ലാ പഞ്ചായത്തുകളിലും വീടുവീടാന്തരമുള്ള മാലിന്യ ശേഖരണം ആരംഭിച്ചതായും മാലിന്യ ശേഖരണ സംവിധാനത്തിന്റെ സുസ്ഥിരത ഉറപ്പാക്കി അതുവഴി മാലിന്യത്തിലൂടെ സമ്പത്ത് കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുമെന്നും ലഫ്.ഗവർണർ പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളെ ഡിജിറ്റൈസ് ചെയ്യാനും കൂടുതൽ സുതാര്യവും ഉത്തരവാദിത്തവുമുള്ള സേവനം ജനങ്ങൾക്ക് ലഭ്യമാക്കാനുമാണ് 4274 ഗ്രാമപഞ്ചായത്തുകളെ ക്യാഷ്ലെസ് ആക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.















