ന്യൂഡൽഹി: ന്യൂസ് ക്ലിക്കുമായി ബന്ധമുള്ള 30 ലധികം സ്ഥലങ്ങളിൽ ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ റെയ്ഡ്. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റർ ചെയ്ത വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും റെയ്ഡിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഡൽഹി പോലീസ് അറിയിച്ചു. പരിശോധയിൽ രാജ്യവിരുദ്ധത സൂചിപ്പിക്കുന്ന സുപ്രധാന തെളിവുകൾ ലഭിച്ചതായാണ് വിവരം.
വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു, കൂട്ടാളികളുമായി ഗൂഢാലോചന നടത്തി വിദേശത്തുള്ള ബിനാമികളിൽ നിന്ന് ലഭിച്ച നിർേദ്ദശങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു, വിദേശ നിക്ഷേപമായി ലഭിച്ച ഫണ്ട് സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചു തുടങ്ങിയ കാര്യങ്ങളാണ് എഫ്‌ഐആറിൽ പറയുന്നത്. ഓഗസ്റ്റ് 22 ന്, ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) സമർപ്പിച്ച ഹർജിയിൽ ന്യൂസ് ക്ലിക്കിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കയസ്തയ്‌ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ശേഷം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരജിക്കാരനായ പ്രബീർ പുർകയസ്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞ ഇയാൾ, ന്യൂസ്‌ക്ലിക്ക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റുകൾ മാത്രമാണ് സമർപ്പിച്ചത്. 2017 മുതൽ 2020 വരെയുള്ള സാമ്പത്തിക വർഷത്തിലെ വരുമാന സ്രോതസ്സ്, ചെലവുകൾ, ഫണ്ടുകളുടെ അന്തിമ ഉപയോഗം, വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ട്/വരുമാനം എന്നിവ സംബന്ധിച്ച് രേഖകൾ കൈമാറാനും പ്രബീർ പുർക്കയസ്ത തയ്യാറായില്ല.
പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട കേസിൽ ന്യൂസ്‌ക്ലിക്കിനും എഡിറ്റർ-ഇൻ-ചീഫിനും എതിരെ ഇഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ക്രിമിനൽ ഗൂഢാലോചനയാണ് സ്ഥാപനം നടത്തുന്നതെന്ന് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഇഡി വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് 2021 ഫെബ്രുവരിയിൽ, ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർമാരുടെ വസതികളിലും ഏജൻസി റെയ്ഡ് നടത്തുകയും തിരച്ചിൽ നടത്തി സുപ്രധാന രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു.
ഭാരത വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും സാമ്പത്തികസഹായം ലഭിച്ച മാദ്ധ്യമ സ്ഥാപനമാണ് ന്യൂസ് ക്ലിക്ക്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘാമിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്നാണ് ഫണ്ട് കൈപറ്റിയത്. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഫ്ളാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്. ചൈനയുടെ അജണ്ട ഭാരതത്തിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടുനിന്നെന്ന സൂചനയും പുറത്ത് വന്നിരുന്നു. റെയ്ഡിൽ ആരേയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡൽഹി പോലീസ് വക്താവ് അറിയിച്ചു.