തെന്നിന്ത്യൻ സിനിമ ലോകത്തിന്റെ പ്രിയങ്കരനാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ. 2012ൽ ധനുഷ് നായകനായെത്തിയ 3 എന്ന ചിത്രത്തിലെ ‘വൈ ദിസ് കൊലവെറി ഡി ആയിരുന്നു അനിരുദ്ധിന്റെ ആദ്യ ഗാനം. ‘വൈ ദിസ് കൊലവെറി ഡി’ രാജ്യമാകെ തരംഗമായതോടെയാണ് തെന്നിന്ത്യയിലെ തിരക്കുള്ള സംഗീത സംവിധായകനായി അനിരുദ്ധ് അതിവേഗം വളർന്നത്. ഇപ്പോഴിതാ അരങ്ങേറ്റ ചിത്രത്തിലെ ആ ഗാനത്തെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് അനിരുദ്ധ്. തന്റെ ആദ്യ ഗാനമായ ‘വൈ ദിസ് കൊലവെറി ഡി’ ആൽബമായി പുറത്തിറക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് അനിരുദ്ധ് പറയുന്നു. പാട്ട് സിഡിയിലാക്കി പുറത്തിറക്കാനുള്ള ജോലികൾ തുടങ്ങാനിരിക്കവെ അത് ലീക്കായെന്നും പിന്നീട് യൂട്യൂബിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
അനിരുദ്ധിന്റെ വാക്കുകൾ ഇങ്ങനെ…. 3യിലെ പാട്ട് സിഡിയിലൂടെ പുറത്തിറക്കാനാണ് നിർമ്മാതാക്കൾ തീരുമാനിച്ചിരുന്നത്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കവേയാണ് പാട്ട് എങ്ങനെയോ ചോരുന്നത്. ഇതേത്തുടർന്ന് ഓൺലെെൻ റിലീസ് തന്നെ മതിയെന്ന് നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. എനിക്കന്ന് ചെറിയ പ്രായം മാത്രമാണ്. അന്ന് ഏറെ ദുഃഖിച്ചു.
ഒരു സംഗീതസംവിധായകനെന്ന നിലയിൽ എന്റെ ആദ്യ ചിത്രത്തിലെ പാട്ട് സിഡിയിൽ വരണമെന്നു തന്നെയാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. അത് നടക്കാതായതോടെ ആ സമയത്ത് ഞാൻ വളരെ അസ്വസ്ഥനായിരുന്നു. പാട്ടിന്റെ സിഡികൾ സുഹൃത്തുക്കൾക്കു സമ്മാനമായി നൽകണമെന്നും എന്റെ പാട്ട് പ്രിയപ്പെട്ടവരെ കേൾപ്പിക്കണമെന്നുമെല്ലാം ആഗ്രഹിച്ചു. അങ്ങനെയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ആ ചതി സംഭവിച്ചതെന്നും പിന്നീട് ഓൺലൈനിൽ റിലീസ് ചെയ്ത പാട്ട് ഹിറ്റായതു കണ്ടപ്പോൾ അതിയായ സന്തോഷവും തോന്നിയെന്നും അനിരുദ്ധ് രവിചന്ദർ പറഞ്ഞു.
നിലവിൽ രജനികാന്ത് ചിത്രം ജയിലറിന് വേണ്ടി അനിരുദ്ധ് ഒരുക്കിയ ‘കാവാലാ’ പാട്ട് റെക്കോർഡുകൾ മറികടന്ന് ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ചിരുന്നു. പിന്നാലെ എത്തിയ ‘ജവാൻ’ എന്ന ഷാറുഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും അനിരുദ്ധ് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. ജവാനു വേണ്ടി പാട്ടൊരുക്കിയതിന് 10 കോടി രൂപയാണ് അനിരുദ്ധ് പ്രതിഫലം വാങ്ങിയത്. ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രത്തിലൂടെ ഗായകനായി അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു.