ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്ത് ഡൽഹി പോലീസ്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ഓഫീസ് സീൽ ചെയ്തത്. സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ പ്രഭീർ പുർകായസ്ഥയെയും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ 9 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിന് ശേഷം കസ്റ്റഡിയിലെടുത്തു.
ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ കേസ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ചൈനയിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിച്ചെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം നടത്തി വരികയാണ്.
ചൈനയിൽനിന്ന് ഫണ്ട് ലഭിക്കുന്നതായി ആരോപിച്ച് നേരത്തേ ന്യൂസ് ക്ലിക്കിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ ഫണ്ടുപയോഗിച്ച് ചൈനയെ പ്രകീർത്തിക്കുന്ന ലേഖനങ്ങൾ എഴുതുന്നുവെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആരോപണമുണ്ട്.