കൊച്ചി : മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഭാര്യ വിനോദിനി . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനോദിനി ഇക്കാര്യം പറഞ്ഞത് .
‘ അന്ന് ഞാൻ ഓർമയും ബോധവും നഷ്ടപ്പെട്ട നിലയിലാണ്. കരഞ്ഞു വീണ എന്നെ ഏതോ മുറിയിൽ കൊണ്ടു പോയി കിടത്തി. കുട്ടികൾ രണ്ടു പേരും, ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദൻ മാഷാണല്ലോ അന്ന് അവിടെ വന്നത്. തിരുവനന്തപുരത്ത് കൊണ്ടുപോകണം എന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് രണ്ടു പേരും പറഞ്ഞു. അത് മൂന്നോ നാലോ തവണ പറഞ്ഞു. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്ത് കൊണ്ടുപോയില്ല. നടന്നില്ല, നടന്നത് ഇതാണല്ലോ. അതു കുഴപ്പമില്ല, ഇനി സാരമില്ല, പരാതിയില്ല. അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട. എനിക്കും ഉണ്ടല്ലോ ആ വിഷമം. ആരോടു പറയാൻ കഴിയും എനിക്ക്. ‘ – വിനോദിനി പറഞ്ഞു .
എറ്റവും പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുമ്പോൾ കൂടെയുണ്ട് എന്ന് എല്ലാവരും നമ്മളോടു പറയും. അതൊന്നും പക്ഷേ സംഭവിക്കില്ല, ആ വാക്കുകളെല്ലാം വെറുതെയാണ് . അതിനൊന്നും പരാതിപ്പെട്ടിട്ടു കാര്യമില്ല. – വിനോദിനി പറയുന്നു.
നേതാക്കളും പാർട്ടിക്കാരും അന്വേഷിക്കാറില്ലേ എന്ന ചോദ്യത്തിന് മനുഷ്യന്മാർക്കെല്ലാം വലിയ തിരക്കല്ലേ. അപ്പോൾ ആർക്കാണ് എന്നെ ആലോചിക്കാൻ നേരം ഉണ്ടാകുക. ബാലകൃഷ്ണേട്ടൻ ഉണ്ടെങ്കിൽ ശരി. അതില്ലാതെ എന്നെ എന്തിനാണ് ആലോചിക്കുന്നത് – എന്നും അവർ പറഞ്ഞു.