ഉയർന്ന പെൻഷന് വേണ്ടി അപേക്ഷിച്ച പെൻഷൻകാരുടെ ശമ്പളവും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. ഡിസംബർ 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. ജൂലൈ 12 വരെ 18 ലക്ഷം ആളുകളാണ് ഉയർന്ന പെൻഷന് വേണ്ടി അപേക്ഷിച്ചിട്ടുള്ളത്.
ഇതിൽ 5.52 ലക്ഷം അപേക്ഷകളും നിലവിൽ തൊഴിലുടമകളുടെ പക്കൽ തീർപ്പാക്കാതെ കിടക്കുകയാണ്. ഇതിനാലാണ് ഇപിഎഫ്ഒ തീയതി നീട്ടിയിരിക്കുന്നത്. ഉയർന്ന പെൻഷന് വേണ്ടിയുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ സൗകര്യം സജ്ജമാക്കിയിരുന്നതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. 2023 ഫെബ്രുവരി 26-ന് ആരംഭിച്ച ഓൺലൈൻ പല ഘട്ടങ്ങളായാണ് നീട്ടിയത്.
2014 സെപ്റ്റംബർ ഒന്നിന് ശേഷം വിരമിച്ചവർക്കും ജോലിയിൽ തുടരുന്നവർക്കുമാണ് ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യത.ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വിഹിതം അടയ്‌ക്കുന്നതിന് തൊഴിലാളിയും തൊഴിൽ ഉടമയും സംയുക്തമായി അപേക്ഷിക്കേണ്ടതുണ്ട്.