ന്യൂഡൽഹി: പിടിവാശിയിൽ അയഞ്ഞ് കാനഡ. ഇന്ത്യയുമായുളള ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ഉത്തരവാദിത്വത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും കനേഡിയൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം വിള്ളൽ വീണിരുന്നു. തുടർന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രൂഡോയുടെ പുതിയ പ്രസ്താവന.
കാനഡയുടെ 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഒക്ടോബർ 10-നകം പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവർ 10ന് ശേഷം ഇന്ത്യയിൽ തുടർന്നാൽ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 62 നയതന്ത്ര ഉദ്യോഗസ്ഥരാണ് കാനഡയ്‌ക്ക് ഇന്ത്യയിലുളളത്. കനേഡിയൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്‌ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇന്ത്യ- കാനഡ ബന്ധം പഴയരീതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇരു രാജ്യങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും വിഷയം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.