ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ലഭിച്ച സമ്പത്താണ് ചന്ദ്രയാൻ-3 ശേഖരിച്ച വിവരങ്ങളെല്ലാം എന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. റിതു കരിദാൽ. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പേലോഡുകൾ മുഖേന ശേഖരിച്ച പഠനങ്ങൾ ചാന്ദ്ര ദൗത്യത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ-3യുടെ പ്രാഥമിക ലക്ഷ്യം ചന്ദ്രന്റെ വെല്ലുവിളി നിറഞ്ഞ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക എന്നതായിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കുകയും റോവർ നിർണായക വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇത് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് ചന്ദ്രനിൽ നിന്നുമുള്ള നിധിയാണ് എന്ന് റിതു കരിദാൽ പറഞ്ഞു.
ചന്ദ്രയാൻ-3യുടെ പ്രാരംഭ ഘട്ടത്തിൽ ചന്ദ്രയാൻ-2വിൽ നേരിട്ട വെല്ലുവിളികളുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ നിലനിന്നിരുന്നു. എന്നാൽ പോരായ്മകൾ വിശകലനം നടത്തി പരിഹാരങ്ങൾ കണ്ടെത്തി സമഗ്രമായ നീക്കമാണ് ഐഎസ്ആർഒ നടത്തിയതെന്ന് ശാസ്ത്രജ്ഞനും ചന്ദ്രയാൻ-3യുടെ പ്രോജക്ട് ഡയറക്ടറുമായ എം ശ്രീകാന്ത് വ്യക്തമാക്കി. തങ്ങൾക്ക് പൂർണ ആത്മവിശ്വാസം ലഭിച്ചതിന് ശേഷമാണ് വിക്ഷേപണം നടത്തിയതെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.