ന്യൂഡൽഹി: പെട്രോൾ, ഡീസൽ വാഹനങ്ങൾ ഇല്ലാത്ത ഭാരതമാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അസാധ്യമായ ലക്ഷ്യമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
എഥനോൾ, മെഥനോൾ, ബയോ-ഡീസൽ, ദ്രവീകൃത പ്രകൃതി വാതകമായ ബയോ-എൽഎൻജി, ബയോ-സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെയുള്ള ബദലുകൾ ലഭ്യമാണ്. ഇവയുടെ കൃത്യമായ ഉപയോഗം പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിൽ ഗതാഗത സംവിധാനങ്ങളെ മെച്ചപ്പെടുത്തും. ഒപ്പം പെട്രോൾ, ഡീസൽ വിലയും കുറയ്‌ക്കാൻ കാരണമാകും. ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ, ഓട്ടോറിക്ഷകൾ, ഇലക്ട്രിക് ബസുകൾ എന്നിവ കാലക്രമേണ ജനപ്രിയമായി. ഉടൻ തന്നെ ഇലക്ട്രിക് ട്രക്കുകളും രാജ്യത്തിന് ലഭിക്കും. ഇലക്ട്രിക് ട്രോളി ബസുകൾ ഓടിക്കാനുള്ള മാർഗവും സർക്കാർ പര്യവേക്ഷണം ചെയ്യുന്നു. 100 ശതമാനം എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനം ടൊയോട്ട പുറത്തിറക്കി. മാറ്റത്തിന്റെ മണി മുഴുങ്ങുന്നതിന്റെ അടയാളങ്ങളാണിത്. എന്നിരുന്നാലും പെട്രോൾ ഉപയോഗിക്കുന്നത് നിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ലിഥിയം അയൺ ബാറ്ററികളുടെ വില കുറയുമെന്നാണ് പ്രതീക്ഷയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഇതുവഴി ഇലക്ട്രിക് കാറുകളുടെ വില പെട്രോളിൽ ഓടുന്ന കാറുകളുടെ വിലയിലേക്ക് എത്തും. എഥനോൾ ഉപയോഗിക്കുന്നത് വഴി കാർഷിക മേഖലയും പുരോഗതി കൈവരിക്കും. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനും ഇതുവഴി കഴിയും. പെട്രോൾ പമ്പിന് പകരം എഥനോൾ പമ്പുകളും ചാർജിംഗ് സ്റ്റേഷനുകളും ഉണ്ടാകും. പുല്ലിൽ നിന്ന് എൽഎൻജിയും സിഎൻജിയും തയ്യാറാക്കുന്ന കാലവും വിദൂരമല്ല. ഹരിയാം, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ 185-ഓളം പ്രൊജക്ടുകൾ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.