ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി എംപി സഞ്ജയ് സിംഗിന്റെ വീട്ടിൽ റെയ്ഡുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. സഞ്ജയ് സിംഗുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സഞ്ജയ് സിംഗിന്റെ സ്റ്റാഫ് അംഗങ്ങളേയും അടുപ്പമുള്ളവരേയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. അദാനി വിഷയത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് സഞ്ജയ് സിംഗിന്റെ വീട്ടിൽ പരിശോധന നടത്തുന്നതെന്ന് എഎപി വക്താവ് റീന ഗുപ്ത ആരോപിച്ചു. സഞ്ജയ് സിംഗിന്റെ വീട്ടിൽ നേരത്തെ നടത്തിയ പരിശോധനകളിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഇവർ പറയുന്നു.
ഇതേ കേസുമായി ബന്ധപ്പെട്ട് എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. സഞ്ജയ് സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടേയും ബിനാമി ഇടപാടുകാരുടേയും വീടുകളിലും ഓഫീസുകളിലും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.