മൊരിച്ചും പൊരിച്ചും മസാലക്കറിയായും അകത്താക്കുന്ന ഭക്ഷണമാണ് കോളിഫ്ലവർ . പെട്ടെന്ന് പാകം ചെയ്യാമെന്നത് കാരണം കൊണ്ട് തന്നെ പലരുടെയും ഇഷ്ടക്കാരനാണ് കോളിഫ്ലവർ . പോഷകഗുണങ്ങളാൽ സമ്പന്നമാണ് കോളിഫ്ലവർ . വിറ്റാമിൻ കെ, കോളിൻ, ഇരുമ്പ്, കാൽസ്യം, എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ കോളിഫ്ലവർ സമ്പന്നമാണ്. കോളിഫ്ലവറിൽ ഫ്‌ലേവനോയ്ഡുകളും കരോട്ടിനോയിഡ് ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മറ്റ് രോഗങ്ങളുടെ സാധ്യതയും കുറയ്‌ക്കാൻ സഹായിക്കുന്നു.ഗുണങ്ങൾക്കൊപ്പം ദോഷങ്ങളും കോളിഫ്ലവർ നൽകുന്നുണ്ടെന്ന വസ്തുത അറിയാതെയാണ് പലരും ഇത് സ്ഥിരമാക്കുന്നത്.
കാബേജ്, ബ്രക്കോളി തുടങ്ങിയവ ഉൾപ്പെടുന്ന ബ്രാസികേസി കുടുംബത്തിൽ ഉൾപ്പെടുന്നതാണ് കോളിഫ്ലവറും. ഇവ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് വഴി വെയ്‌ക്കുന്നു. കാരണം കോളിഫ്ലവർ കുടുംബത്തിൽപ്പെട്ടവ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരമാണ്. ഇവ വയറ്റിൽ ഗ്യാസ് രൂപപ്പെടാൻ കാരണമാകും. റാഫിനോസ് എന്ന കാർബോഹൈഡ്രേറ്റ് രൂപത്തെ ദഹിപ്പിക്കാൻ കഴിയുന്ന രസങ്ങളൊന്നും മനുഷ്യ ശരീരത്തിൽ ഇല്ല. അതിനാൽ ഇവ കഴിക്കുമ്പോൾ റാഫിനോസ് ദഹിക്കാതെ ചെറുകുടലിൽ നിന്ന് വൻ കുടലിലേക്ക് എത്തുന്നു. ഇവിടെ വെച്ച് ഇത് ബാക്ടീരിയ അതിനെ പുളിപ്പിക്കാൻ ശ്രമിക്കും. ഇതാണ് പിന്നാലെ ഗ്യാസായി മാറുന്നത്.
ഗ്ലൂക്കോസിനോലേറ്റ്‌സ് എന്ന രാസവസ്തുവും ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. വയറ്റിനുള്ളിൽ ഹൈഡ്രജൻ സൾഫൈഡ് എന്ന സൾഫൈഡ് ഉണ്ടാകാൻ ഇത് കാരണമാകും. ദുർഗന്ധമുള്ള കീഴ്ശ്വാസം നൽകുന്നതിന് ഇത് കാരണമാകും. ഇക്കാരണങ്ങൾ കൊണ്ട് കോളിഫ്ലവർ ഉപേക്ഷിക്കണമെന്നില്ല. മറിച്ച് അമിതമായി കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദഹനപ്രശ്‌നങ്ങൾ ഉള്ളവർ പാകം ചെയ്ത് മാത്രമാകണം കഴിക്കാൻ.