തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഭാസുരാംഗനും സംഘവും തട്ടിയ നിക്ഷേപകരുടെ പണം തിരികെ കൊടുപ്പിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്. കണ്ടലയിലും കരുവന്നൂരിന് സമാനമായി കേരള ബാങ്കിൽ നിന്ന് പണം നൽകണമെന്നും നവംബർ 1-ന് കണ്ടലയിൽ നിന്ന് കേരള ബാങ്കിലേക്ക് മാർച്ച് നടത്തുമെന്നും വി.വി രാജേഷ് പറഞ്ഞു. വരും ദിവസങ്ങളിൽ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനും അഴിമതിക്കുമെതിരെ ബിജെപി ജില്ലാ അദ്ധ്യക്ഷനായ വി.വി രാജേഷ് സഹകാരി സംരക്ഷണ ഉപവാസം നയിക്കുകയാണ്. ഇന്ന് രാവിലെ 9.30-ന് ആരംഭിച്ച ഉപവാസം വൈകുന്നേരം 5 മണിവരെയുണ്ടാകും. ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. നിക്ഷേപം ലഭിക്കാത്ത നൂറുകണക്കിനാളുകൾ പ്രതിഷേധത്തിന്റെ ഭാഗമായി.
‘കേരളത്തിലെ ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളിലും കോൺഗ്രസും സിപിവഎമ്മും ഒരു പോലെ ക്രമക്കേട് നടത്തുന്നു. സഹകരണ ബാങ്ക് അഴിമതികളിലെ ശ്രദ്ധ തിരിക്കാനും അഴിമതിയിൽ നിന്ന് രക്ഷ നേടാനും വർഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു. കണ്ടലയിൽ ആയിരങ്ങളുടെ പണം തട്ടിയെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന സഹകരണ ബാങ്ക് ക്രമക്കേടിലാണ് പ്രതിഷേധം ആളിക്കത്തുന്നത്.’-എന്ന് അനിൽ ആന്റണി പറഞ്ഞു.















