ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചാവേർ നാളെ തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലെ ആദ്യ ഗാനവും അണിയറക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവർന്നിരിക്കുകയാണ്.
പ്രേക്ഷകരുടെ മനം നിറയ്ക്കാൻ ചടുലമായ ദൃശ്യങ്ങളോടൊപ്പമാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ടെന്ന സൂചനയും ഗാനം നൽകുന്നുണ്ട്. ഹരീഷ് മോഹനൻ എഴുതിയിരിക്കുന്ന വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ്മ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന സിനിമയിൽ അർജുൻ അശോകനും ആന്റണി വർഗീസ് പെപ്പെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമിച്ചത്.