എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി.ആർ. അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ ഉത്തരവിട്ട് കോടതി. ഒന്നാം പ്രതിയായ സതീഷ്‌കുമാർ റിമാൻഡിലുള്ള ജില്ലാ ജയിലിലേക്ക് പി.ആർ. അരവിന്ദാക്ഷനെ മാറ്റിയതിനെ എതിർത്തുകൊണ്ട് ജയിൽ സൂപ്രണ്ടിനെതിരേ പ്രത്യേക കോടതിയിൽ ഇ.ഡി. റിപ്പോർട്ട് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
പ്രതികൾ തമ്മിൽ കാണാൻ ജയിൽ അധികൃതർ അവസരം ഒരുക്കുന്നതായി ഇ.ഡി ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് ജയിൽ വകുപ്പ് അധികൃതർ ശ്രമിക്കുന്നതെന്നും ഇ.ഡി. കോടതിയിൽ വാദിച്ചു. എന്നാൽ എണ്ണത്തിൽ കൂടുതൽ തടവുകാർ ജയിലിൽ ഉള്ളതുകൊണ്ടാണ് അരവിന്ദാക്ഷനെയും ജിൻസിനെയും ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചതെന്നാണ് കോടതിയിൽ ജയിൽ വകുപ്പ് നൽകിയ മറുപടി. ഇത് വിശ്വാസത്തിലെടുക്കാൻ കോടതി തയ്യാറായില്ല. ഇതോടെയാണ് ഇരുവരെയും എറണാകുളം സബ് ജയിലിലേക്ക് മാറ്റാൻ പി.എം.എൽ.എ കോടതി നിർദ്ദേശിച്ചത്.
അരവിന്ദാക്ഷനെയും എം.കെ. കണ്ണനെയും മൊയ്തീനെയും വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ജയിൽ മാറ്റത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഇ.ഡി. കോടതിയെ സമീപിച്ചത്. പ്രതികൾ പരസ്പരം കാണുന്നത് തുടർന്നുള്ള അന്വേഷണത്തെ ബാധിക്കുമെന്ന് മനസിലാക്കിയതോടെയാണ് തിരക്കിട്ട ഇഡിയുടെ നീക്കം.
തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ എം.കെ. കണ്ണന് ഇഡി നൽകിയിരുന്ന സമയം നാളെ അവസാനിക്കും. എം.കെ. കണ്ണനെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്‌തെങ്കിലും സഹകരിക്കാത്തതിനാൽ ചോദ്യം ചെയ്യൽ ഇ.ഡി നിർത്തിവെക്കുകയായിരുന്നു.















