ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡിന്റ് പങ്കെടുക്കാത്തത് നല്ല കാര്യമാണെന്ന് ജി20 ഷെർപ്പ അമിതാഭ് കാന്ത്. ജി20യിൽ ഷി ജിൻ പിംഗ് ഒഴിവാക്കുകയായിരുന്നോ എന്ന ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. സ്വകാര്യമാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായി ചർച്ച നടത്തുന്നത് ദുഷ്‌കരമാണ് എന്നാൽ ചൈനീസ് ഷെർപ്പയുമായി ഇന്ത്യ വളരെ നല്ല അടുപ്പം സൃഷ്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ ഷിയും ജോ ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. ഇരുവരുടെയും കൂടിക്കാഴ്ച രണ്ടര മണിക്കൂറിലധികം നീണ്ടുപോയി. ജി20യിലെ കേന്ദ്രബിന്ദുവായി ഈ ചർച്ച മാറി. എന്നാൽ ഇത്തവണ ഉഭയകക്ഷി യോഗങ്ങളിലല്ല മറിച്ച് ജി20യിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിക്ക് തലേന്ന് തങ്ങൾ അവസാന റൗണ്ട് മീറ്റിംഗുകൾ നടത്തി. അവസാന ഡ്രാഫ്റ്റ് തയ്യാറാക്കി. ഇത് കൊള്ളുകയോ തള്ളുകയോ ചെയ്യാം എന്നതായിരുന്നു തീരുമാനം. ഷെർപ്പ തലത്തിൽ തുടർ ചർച്ചകൾ വേണ്ടെന്നും തീരുമാനിച്ചുതായി അദ്ദേഹം വ്യക്തമാക്കി.















