എറണാകുളം: സീനിയർ സിവിൽ പോലീസ് ഓഫീസറായ ജോബി ദാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജോബി ദാസിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. സഹപ്രവർത്തകർക്കെതിരെ നിരവധി ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശിയാണ് ജോബി ദാസ്.
പ്രധാനമായും രണ്ട് പോലീസുകാരെ കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നും മരണത്തിന് കാരണക്കാർ അഷറഫ്, ഗോപി എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥരാണെന്നും കുറിപ്പിലുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥർ മന: പൂർവവും ഇൻക്രിമെന്റ് തടഞ്ഞെന്നാണ് കുറിപ്പിലുള്ള പ്രധാന ആരോപണം. ജോബി ദാസം കളമശേരി എആർ ക്യാമ്പിലെ ഡ്രൈവറായിരുന്നു.
അഷറഫ്, ഗോപി എന്നീ രണ്ട് പോലീസുകാർ കുറേ കാലമായി മാനസികമായി വളരെയധികം സങ്കടമുണ്ടാക്കുന്നു. പതിനാറോളം ഇൻക്രിമെന്റുകൾ തടഞ്ഞുവെച്ചു. അതിനാൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകുന്നില്ല. ഇവർ രണ്ട് പേരും എന്റെ ബോഡി കാണാൻ വരരുത്. അഴിമതി നടത്തുന്നവർക്കും കവർച്ച നടത്തുന്നവർക്കും ഇൻക്രിമെന്റുണ്ട്. എന്നാൽ ഒരു തെറ്റും ചെയ്യാത്ത തന്റെ ഇൻക്രിമെന്റ് ഇവർ തടഞ്ഞുവെക്കുകയാണ്. ജീവൻ അവസാനിപ്പിക്കുന്നു. ജോബി ദാസ് കുറിപ്പിൽ പറയുന്നു.