ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം രജനീകാന്ത് നാളെ അനന്തപുരിയിൽ ക്ഷേത്ര ദർശനം നടത്തും. പത്ത് ദിവസത്തെ ഷൂട്ടിംഗിന്റെ ഭാഗമായാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. എയർപോർട്ടിലുൾപ്പെടെ വൻ സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.
തലൈവർ-170 എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് രജനീകാന്ത് തിരുവനന്തപുരത്ത് എത്തിയത്. പത്ത് ദിവസം താരം ഇവിടെയുണ്ടാകും എന്നാണ് റിപ്പോർട്ട്. ശംഖുമുഖത്തും വെള്ളായണിയിലും ഉൾപ്പെടെ തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളിലാണ് ഷൂട്ടിംഗ് ലൊക്കേഷനുകൾ.
ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ തലൈവർക്ക് വൻ സ്വീകരണമായിരുന്നു ആരാധകർ നൽകിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കന്യാകുമാരിയിൽ നിന്നും എത്തിയ ആരാധകർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എല്ലാവരോടും വണക്കം പറഞ്ഞ് കാറിൽ കയറി പോകുന്ന അദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.















