കാഠ്മണ്ഡു: നേപ്പാളിലെ നേപ്പാൾഗുഞ്ച് ജില്ലയിൽ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിക സംഘടനകൾ. സമൂഹമാദ്ധ്യമത്തിലൂടെ ചിലർ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു അതിക്രമം. നേപ്പാൾഗുഞ്ച് ജില്ല ഭരണകൂട ആസ്ഥാനം കലാപകാരികൾ ആക്രമിച്ചു. പ്രദേശത്തെ പൊതുനിരത്തുകളിൽ ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ നടത്തിയ പ്രതിഷേധ റാലിക്ക് നേരെയും ആക്രമണമുണ്ടായി. കലാപകാരികൾ റാലിക്ക് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. റാലി മുസ്ലീം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകവെയായിരുന്നു ആക്രമണം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹിന്ദു നാമധാരിയായ യുവാവ് സമൂഹമാദ്ധ്യമത്തിലൂടെ ഇസ്ലാം മതത്തെ വിർശിച്ചു എന്നാരോപിച്ചാണ് മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നത്. എന്നാൽ പ്രതിഷേധം കലാപമായി പരിണമിക്കുകയായിരുന്നു. ജില്ലാ ആസ്ഥാനത്തേക്ക് മുസ്ലീം സംഘടനകൾ നടത്തിയ റാലി അക്രമാസക്തമാകുകയും ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു.
ഇന്ത്യയോട് ചേർന്ന് കിടക്കുന്ന ബാൻകെ ജില്ലയിലെ ഒരു പട്ടണമാണ് നേപ്പാൾഗുഞ്ച്. മുസ്ലീം സമുദായത്തിന് നിർണായക സ്വാധീനമാണ് മേഖലയിലുള്ളത്. ജനസംഖ്യയിൽ മൂന്നിൽ ഒന്നും മുസ്ലീം വിഭാഗത്തിൽപ്പെട്ടവരാണ്.















