ബഹിരാകാശത്ത് റെക്കോർഡ് സ്ഥാപിച്ച ശേഷം മടങ്ങിയെത്തിയ നാസ യാത്രികൻ ഫ്രാങ്ക് റുബിയോ ദൗത്യത്തെ കുറിച്ച് സംസാരിക്കാനൊരുങ്ങുന്നു. ഒക്ടോബർ 13-ാം തീയതി അമേരിക്കൻ സമയം രണ്ട് മണിക്കാകും നാസയുടെ ആസ്ഥാനത്ത് സംവദിക്കുക.
371 ദിവസമാണ് അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡാണ് റുബിയോയ്‌ക്ക് ലഭിച്ചത്. റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ എന്നിവർക്കൊപ്പമാണ് റുബിയോ തിരികെ എത്തിയത്. പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് സംഘം തിരികെയെത്തിയത്. കസഖ്സ്ഥാന്റെ തെക്ക് കിഴക്കായാണ് പേടകം പതിച്ചത്.
After 371 days, NASA astronaut Frank Rubio is back on Earth—and he’s talking about his record-breaking mission aboard the @Space_Station.
Tune in with us on Friday, Oct. 13 at 2pm ET (1800 UTC): https://t.co/4beMJEjKc7 pic.twitter.com/GyuQ65SJWq
— NASA (@NASA) October 4, 2023
180 ദിവസത്തെ ദൗത്യമായിരുന്നു എങ്കിലും ഇത് പിന്നിട് 371 ദിവസത്തേക്ക് നീളുകയായിരുന്നു. 2022 സെപ്റ്റംബർ 21-നാണ് റുബിയോ ബഹിരാകാശത്ത് താമസം തുടങ്ങിയത്. ഇതിനിടയിൽ ആറായിരത്തോളം തവണ അദ്ദേഹം ഭൂമിയെ വലംവച്ചു. ആകെ മൊത്തം 25 കോടിയിലധികം കിലോമീറ്ററാണ് ഇക്കാലയളവിൽ മാത്രം സഞ്ചരിച്ചത്. ആറുമാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ താമസം നീണ്ടത് തിരിച്ചെത്താനുള്ള പേടകത്തിൽ കൂളന്റ് ലീക്ക് ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു. റൂബിയോയിലൂടെ ദീർഘനാളത്തെ ബഹിരാകാശ വാസം മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് പഠിക്കാനും കൂടിയാണ് അവസരം ഒരുക്കിയത്.















