നൂറ് കോടി ക്ലബ്ബിൽ കയറിയതിന് പിന്നാലെ ആർഡിഎക്സ് സിനിമയുടെ വിജയം വീട്ടിൽ വെച്ച് ആഘോഷിച്ച് നടൻ ആന്റണി വർഗീസ്. നടൻ ജിനോ ജോണാണ് ഈ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. സിനിമയുടെ നൂറാം ദിനം പോസ്റ്റ് ചെയ്യാൻ വച്ചിരുന്ന വിഡിയോ ആയിരുന്നു ഇതെന്നും എന്നാൽ നൂറ് കോടിയും കടന്ന് സകലയിടങ്ങളിലും തരംഗമായതിനാലാണ് ഇപ്പോൾ ഇത് പങ്കുവച്ചതെന്നുമാണ് നടൻ ജിനോ പറയുന്നത്. ആന്റണി വർഗീസിന്റെ ഈ വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
‘‘ആർഡിഎക്സിന്റെ 100ാം ദിനത്തിൽ പോസ്റ്റ് ചെയ്യാനായി ഞാൻ മാറ്റിവെച്ച വീഡിയോയാണ് ഇത്. എന്നാൽ, അതിനു മുന്നേ തന്നെ 100 കോടി കളക്‌ഷൻ നേടിയ ആർഡിഎക്സ് നെറ്റ്ഫ്‌ളിക്‌സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു. ആർഡിഎക്‌സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്.”- എന്നാണ് ജിനോ ജോൺ കുറിച്ചത്.
ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ജിനോ ആന്റണി വർഗീസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ആർഡിഎക്സ് സിനിമ റിലീസ് ചെയ്ത ദിവസമാണ് പെപ്പെയുടെ കൂട്ടുകാർ മൊബൈലിൽ ഈ വിഡിയോ എടുത്തത്. സിനിമയുടെ റിലീസ് ദിവസം ആയതിനാൽ ടെൻഷൻ കാരണം ആന്റണി വീട്ടിൽ തന്നെയായിരുന്നു. തുടർന്ന് ആദ്യ പ്രതികരണം വന്നതോടെ ചിത്രം സൂപ്പർഹിറ്റായെന്ന് ഉറപ്പിച്ചതോടെയാണ് നടൻ അത് ആഘോഷമാക്കിയത്.















