ന്യൂഡൽഹി: കമ്യൂണിസ്റ്റ് തീവ്രവാദം എന്ന വിഷയത്തിൽ കേന്ദ്രമന്ത്രിമാരുടെ അവലോകന യോഗം നാളെ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്. നാളെ രാവിലെ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ബിഹാർ, ഒഡീഷ, മഹാരാഷ്‌ട്ര, തെലങ്കാന, മദ്ധ്യപ്രദേശ്, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാരോ ആഭ്യന്തര മന്ത്രിമാരോ അവരുടെ പ്രതിനിധികളോ പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി, പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. തീവ്രവാദ ബാധിതാ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനാണ് അവലോകന യോഗം കൊണ്ട് ലക്ഷ്യമിടുന്നത്.
കമ്യൂണിസ്റ്റ് തീവ്രവാദത്തെ അടിച്ചമർത്തുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ ശ്രമങ്ങളിലൂടെ വലിയ മാറ്റങ്ങളാണ് രാജ്യത്തിനുണ്ടായത്. കുറച്ച് വർഷങ്ങളായി നിരവധി വിജയങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചു. 2015 മുതൽ കമ്യൂണിസ്റ്റ് തീവ്രവാദത്തെ ശക്തമായി നേരിടുന്നതിനായി കേന്ദ്ര സർക്കാർ ദേശീയ നയവും പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. തീവ്രവാദികളെ സഹിഷ്ണുതയില്ലാതെ പ്രതിരോധിക്കുക, ഭീകരവാദ ബാധിത പ്രദേശങ്ങളിൽ വികസനം കൊണ്ടുവരിക, പ്രതിരോധ മന്ത്രാലയം ശക്തമാക്കുക എന്നിവയായിരുന്നു ദേശീയ നയം.















