വാഷിംഗ്ടൺ: പണം വേണമെങ്കിൽ ശരിയായി നികുതി പിരിക്കണമെന്ന് പാകിസ്താനോട് ലോക ബാങ്ക് ആവശ്യപ്പെട്ടു. അടിസ്ഥാന ആവശ്യങ്ങൾക്കായി പണം ഇല്ലാത്ത അവസ്ഥയിലാണ് പാകിസ്താൻ. ഇതിൽ നിന്ന് കരകയറാൻ നികുതിപ്പിരിവ് ഫലപ്രദമായി നടത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് ലോക ബാങ്ക്.
ഒരു ഭാഗത്ത് മത തീവ്രവാദം പിടി മുറുക്കുന്നു, മറു ഭാഗത്ത് ഇമ്രാൻ ഖാനെ ജയിലിൽ ആടച്ചതിന് ശേഷം രൂപപ്പെട്ട രാഷ്‌ട്രീയ അരക്ഷിതാവാസ്ഥ. ഇതിനിടയിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പാകിസ്താനെ ബാധിച്ചരിക്കുന്നത്. നിലവിലെ സ്ഥിതിയിൽ നിന്ന് കരകയറണമെങ്കിൽ നികുതിപ്പിരിവ് കൃത്യമായി നടപ്പിലാക്കുക മാത്രമാണ് മാർഗമെന്നും ഇപ്പോഴത്തെ നികുതിപ്പണം സാമ്പത്തിക ആവശ്യങ്ങൾക്ക് പര്യാപ്തമല്ലെന്നും ലോകബാങ്ക് ഓർമ്മപ്പെടുത്തി.
ആദായ നികുതി , വിൽപ്പന നികുതി, കസ്റ്റംസ് തീരുവ എന്നിവയ്‌ക്ക് നൽകി വരാറുള്ള ഇളവുകൾ അവസാനിപ്പിക്കാനും ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ ദേശീയ തിരിച്ചറിയൽ കാർഡുകളുമായും ബന്ധിപ്പിക്കാനും, വസ്തു നികുതി നിരക്കുകൾ വിപണി മൂല്യങ്ങളുമായി ബന്ധിപ്പിക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു. വിവിധ സാധനങ്ങൾക്ക് 18% എന്ന സ്റ്റാൻഡേർഡ് ജിഎസ്ടി (ജനറൽ സെയിൽസ് ടാക്സ്) നിരക്കാണ് ലോകബാങ്ക് നിർദ്ദേശിച്ചത്.
പ്രതിവർഷം 600000 രൂപയ്‌ക്ക് മേൽ വരുമാനമുള്ള വ്യക്തികളെ ആദായ നികുതി പരിധിയിൽ കൊണ്ടു വരണം. ആഡംബര വസ്തുക്കളുടെ നികുതി കുറയ്‌ക്കുമ്പോൾ റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, സിഗരറ്റ് എന്നിവയ്‌ക്ക് അധിക നികുതി ചുമത്താനും ലോകബാങ്ക് ശുപാർശ ചെയ്യുന്നു.
ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന കരുതൽ ദനം ഉപയോഗിച്ച് നിത്യ ചിലവ് നടത്തേണ്ട അവസ്ഥയിലേക്ക് പാകിസ്താൻ എത്തി നിൽക്കുന്നു. കടക്കെണിയിൽ മുങ്ങി താഴ്ന്ന് കൊണ്ടിരിക്കുന്ന പാകിസ്താനെ സഹായിക്കാൻ ഐഎംഎഫ് 3 ദശ ലക്ഷം ഡോളറിന്റ വായ്പാ സഹായം വാഗ്ദാനം ചെയ്തു എന്നാൽ ഐഎംഎഫിന്റെ നിർദ്ദേശങ്ങൾ പാലിക്കുക എന്നത് സമകാലിക സാഹചര്യത്തിൽ പാകിസ്താനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.















