എറണാകുളം: കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് അദ്ധ്യക്ഷനുമായ എം കെ കണ്ണന് വീണ്ടും ഇഡി നോട്ടീസ് നൽകും. ഇതുവരെ ഹാജരാക്കിയ സ്വത്ത് വിവരങ്ങൾ പൂർണമല്ലെന്ന് ഇഡി അറിയിച്ചു. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്.
എം കെ കണ്ണൻ സമർപ്പിച്ച സ്വത്ത് വിവരങ്ങളിൽ തൃശൂർ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇല്ലെന്ന് ഇഡി വ്യക്തമാക്കി. സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാവിലെ എം കെ കണ്ണന്റെ സഹായികൾ രേഖകൾ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കിയത്.
കണ്ണന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമി, നിക്ഷേപങ്ങൾ, സ്വർണം തുടങ്ങിയ വിവരങ്ങളാണ് ഇഡി പരിശോധിച്ചത്. കരുവന്നൂർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധവും, വിദേശ യാത്രകളും, സതീഷ് കുമാറിന് നൽകിയ സഹായങ്ങൾ എന്നിവയാണ് ഇഡിയ്‌ക്ക് മുന്നിലെ പ്രധാന സംശയങ്ങൾ. സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിനെയും ഇഡി ചോദ്യം ചെയ്തുവരികയാണ്.















