ന്യൂഡൽഹി: മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസുവിനെ അഭിനന്ദിച്ച ആദ്യ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മാലിയിലെ പുതിയ ഭരണകൂടവുമായി ഇടപഴകാൻ ഇന്ത്യ ഉറ്റുനോക്കുകയാണ്. മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി നേതാവ് മുഹമ്മദ് മുയിസു 53 ശതമാനത്തിലധികം വോട്ടുകൾ നേടി വിജയിച്ചതിന് പിന്നാലെയാണ് ഇത്.
നിയുക്ത പ്രസിഡന്റിന് ആശംസകൾ അറിയിച്ച ആദ്യത്തെ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യ-മാലദ്വീപ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആശംസയിൽ ഉറപ്പിക്കുകയും ചെയ്തു. സമുദ്ര മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ ആശംസയ്‌ക്ക് പിന്നാലെ മാലി ഹൈക്കമ്മീഷണർ വികസന സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ചർച്ച നടത്തിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജനാധിപത്യത്തോടും നിയമവാഴ്ചയോടുമുള്ള ഉറച്ച പ്രതിബദ്ധത പ്രകടിപ്പിച്ചതിന് മാലിദ്വീപ് ജനതയെ മന്ത്രാലയം അഭിനന്ദിച്ചു.
മാലിയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാർ നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതാവിന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ചയിൽ ഊന്നൽ നൽകി. മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നൊ പ്രധാനമന്ത്രി നരേന്ദ്രമോദി മുയിസുവിനെ നേരിട്ട് അഭിനന്ദിച്ചിരുന്നു.















