ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. പഞ്ചാബിലെ ജലന്ധർ സ്വദേശി അഭിനവ് ശർമ്മയാണ് അറസ്റ്റിലായത്.
എയർ ഇന്ത്യ വിമാനത്തിൽ കയറിയ ഇയാൾ വനിതാ ക്യാബിൻ ക്രൂവിനെ അസഭ്യം പറയുകയും വിമാനത്തിൽ പരിഭ്രാന്തി പരത്തുകയുമായിരുന്നു. എയർ ഇന്ത്യയുടെ എഐ 102 വിമാനത്തിലാണ് സംഭവം നടന്നത്. ജീവനക്കാർക്ക് പുറമെ വിമാനത്തിലുണ്ടായിരുന്ന മറ്റു യാത്രികരെയും ഇയാൾ അധിക്ഷേപ്പിച്ചതായി പരാതിയിൽ പറയുന്നു. സെഷൻ 509 ഐപിസി, 22/23 എയർക്രാഫ്റ്റ് ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു.