ഗാങ്‌ടോക്ക്: സിക്കിമിൽ മേഘസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ആറ് സൈനികർക്ക് വീരമൃത്യു. ഇതോടെ മരണം 18 ആയി. സൈനികരടക്കം നൂറോളം പേരെ കാണാതായി. പ്രദേശത്ത് നിന്നും പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ സിക്കിമിലേക്ക് അയച്ചു.
ഒക്ടോബർ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രദേശത്ത് വൻനാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടീസ്റ്റ നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിക്കുന്നുണ്ട്. സിക്കിമിൽ 11 പാലങ്ങളും 277 വീടുകളുമാണ് പ്രളയത്തിൽ ഒലിച്ചുപോയത്.















