മുസാഫറാബാദ്: പാക് സൈന്യം തങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി പാക് അധീന കശ്മീരിലെ ജനങ്ങൾ. പ്രദേശവാസികളായ സാധാരക്കണക്കാരുടെ ശബ്ദം അടിച്ചമർത്താൻ പാക് സൈന്യം ശ്രമിക്കുന്നതെന്ന് ഇവർ ആരോപിച്ചു. പാക് അധീന കശ്മീരിലെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയവരെ കള്ളക്കേസിൽ കുടുക്കിയെന്നും, നിരപരാധികളായ തങ്ങളുടെ നേതാക്കളെ വിട്ടയക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മുസാഫറാബാദിലാണ് ജനങ്ങൾ പാക് ഭരണകൂടത്തിനും സൈന്യത്തിനുമെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സ്ഥലത്ത് കഴിഞ്ഞ ദിവസം ബന്ദ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യം പ്രദേശത്തെ വിവിധ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ ഇന്നലെ തെരുവിലിറങ്ങിയത്.
സാധാരണക്കാർക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും, വികസന പദ്ധതികൾ ഇവിടെ നടപ്പാക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ” പാകിസ്താനിലെ ജനങ്ങൾക്ക് യൂണിറ്റിന് 2 രൂപയ്‌ക്കാണ് വൈദ്യുതി നൽകുന്നത്. എന്നാൽ ഞങ്ങളുടെ കാര്യം വരുമ്പോൾ അത് യൂണിറ്റിന് 52 രൂപയിൽ അധികമാണ്. മൃഗങ്ങൾക്ക് പോലും ഈ ലോകത്ത് അവകാശങ്ങളുണ്ട്. പക്ഷേ പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് മാത്രം അതില്ല. അവർ അടിച്ചേൽപ്പിക്കുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം ഞങ്ങളുടെ ഭാവി തലമുറയ്‌ക്ക് വേണ്ടിയാണെന്നും” ഇവർ വ്യക്തമാക്കി.















