ചെന്നൈ: ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നിലവിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനിൽ ഗിൽ പങ്കെടുത്തിരുന്നില്ല.
ഞാറാഴ്ച നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ഗില്ലിന് നഷ്ടമായേക്കുമെന്നാണ് സൂചന. ഇത് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയാകും. നിലവിൽ മികച്ച ഫോമിലാണ് ലോക രണ്ടാം റാങ്ക് ബാറ്ററായ ശുഭ്മാൻ ഗിൽ.
ഗില്ല് കളിച്ചില്ലെങ്കിൽ വൻ മാറ്റമാകും ഇന്ത്യൻ ബാറ്റിംഗ് നിരയിലുണ്ടാകുക. കെ.എൽ. രാഹുലോ ഇഷാൻ കിഷനോ ആകും നായകൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങുക. ഞായറാഴ്ച ഗിൽ കളിക്കുമോ ഇല്ലയോ എന്നകാര്യത്തിൽ ഇന്ന് നടക്കുന്ന പരിശോധനയ്‌ക്ക് ശേഷം സ്ഥിരീകരണമുണ്ടാകും.















