റാഞ്ചി: മുൻ ദേശീയ ഷൂട്ടിംഗ് താരം താര ഷാദിയോയെ നിർബന്ധിത മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതിന് മുൻ ഭർത്താവ് രഞ്ജിത് കോഹ്ലി എന്ന രാഖിബുൾ ഹസന് ജീവപര്യന്തം ശിക്ഷ വിധിച്ച് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി.
മുൻ ഭർത്താവ് രാഖിബുൾ ഹസന് ജീവപര്യന്തം തടവും മുൻ ഹസന്റെ മാതാവ് റാണിക്കും വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ രജിസ്്ട്രാർ മുഷ്താഖിന് 15 വർഷം തടവുമാണ് വിധിച്ചത്. കൂടാതെ മൂവർക്കും 50,000 രൂപ വീതം പിഴയും ജഡ്ജി പ്രഭാത് കുമാർ ശർമ്മ വിധിച്ചു. സെപ്റ്റംബർ 30നാണ് മുവരും കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. തുടർന്ന് ഇന്നലെ ശിക്ഷവിധിക്കുകയായിരുന്നു. എന്നാൽ ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹസന്റെ അഭിഭാഷകൻ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
ഹിന്ദു ആചാര പ്രകാരം 2014 ജൂലായ് 7 നാണ് താര രാഖിബുൾ ഹസനെ വിവാഹം കഴിച്ചത്. എന്നാൽ, വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇയാളും ആ സമയത്ത് വിജിലൻസ് രജിസ്ട്രാർ ആയിരുന്ന അഹമ്മദും ചേർന്ന് മതം മാറാനും മുസ്ലീം ആചാര പ്രകാരം വിവാഹത്തിനും പ്രേരിപ്പിച്ചു എന്നായിരുന്നു പരാതി. ഹസൻ തന്റെ മതവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്നും കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്നും അവർ കോടതിയിൽ പറഞ്ഞു. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് താൻ ഗാർഹിക പീഡനത്തിന് ഇരയായെന്നും അവർ കോടതിയെ അറിയിച്ചിരുന്നു. 2015ൽ സിബിഐ കേസെറ്റെടുക്കുകയും 2018 ജൂണിൽ റാഞ്ചിയിലെ കുടുംബകോടതി താരയ്‌ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.