എറണാകുളം: കാർ തട്ടിപ്പ് നടത്തിയ പ്രതിയ്‌ക്കെതിരെ കേസെടുക്കാൻ തയ്യാറാകാതിരുന്ന പോലീസിന് സസ്പെൻഷൻ. ‘യൂസ്ഡ് കാർ’ തട്ടിപ്പിലാണ് പാലാരിവട്ടം എസ്എച്ച്ഒ ജോസഫ് സാജൻ കേസ് രജിസ്റ്റർ ചെയ്യാതിരുന്നത്. ഇതിനെ തുടർന്ന് എസ്എച്ച്ഒയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കേസിലെ മുഖ്യ പ്രതിയുമായി പരിചയമുണ്ടായിരുന്നുവെന്നും ഇതേ തുടർന്നാണ് കേസ് എടുക്കാൻ തയാറാകാതിരുന്നതെന്നും കണ്ടെത്തി.
പാലാരിവട്ടം എസ്എച്ച്ഒ കേസ് എടുക്കാൻ തയാറാകാത്തതിനെ തുടർന്ന് പരാതിക്കാരൻ ഡിസിപിയെ സമീപിച്ചു. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയാണ് പ്രതികളെ പിടികൂടിയത്. പാലാരിവട്ടം ആലിൻചുവട്ടിലെ യൂസ്ഡ് കാർ ഷോറൂമിന്റെ മറവിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം സ്വദേശി എസ്എസ് അമലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറൂം. വിറ്റ് നൽകാമെന്ന ഉറപ്പിന്മേൽ കൈക്കലാക്കിയ കാറുകൾ മറിച്ചു വിറ്റ് ഉടമകളെ പറ്റിക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.