ഇന്ന് ലോക പുഞ്ചിരി ദിനം. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ഒന്നാം വെള്ളിയാഴ്ചയാണ് പുഞ്ചിരി ദിനമായി ആചരിക്കുന്നത്. ‘നമുക്ക് പുഞ്ചിരി പ്രസരിപ്പിക്കാം’ എന്നതാണ് ഈ വർഷത്തെ ലോക പുഞ്ചിരി ദിന സന്ദേശം. മാനസിക-ശാരീരിക സംഘർഷങ്ങളും പിരിമുറക്കങ്ങളും ഉള്ള ഈ ലോകത്ത് ചിരി വലിയ ഒരു മരുന്ന് കൂടിയാണ്. കേട്ടിട്ടില്ലെ.. ഒരു പുഞ്ചിരി കൊണ്ട് ഏത് വലിയ പ്രശ്നത്തിനും പരിഹാരമുണ്ടാക്കാം എന്ന്..!
മസാച്യുസെറ്റ്‌സിലെ വോർസെസ്റ്ററിൽ നിന്നുള്ള പ്രശസ്ത ചിത്രകാരനായ ഹാർവി ബോൾ, പുഞ്ചിരി മുഖം (സ്‌മൈലി ഫെയ്‌സ്) സൃഷ്ടിച്ചതിനെ തുടർന്നാണ് പുഞ്ചിരി ദിനം ആഘോഷിച്ച് തുടങ്ങിയത്. 1963-ലാണ് അദ്ദേഹം ആദ്യമായി സ്‌മൈലി ഫെയ്‌സ് ഉണ്ടാക്കിയത്. ലോകമെമ്പാടുമുള്ള ആളുകൾ പുഞ്ചിരിയും ദയയും നിറഞ്ഞ പ്രവൃത്തികൾക്കായി എല്ലാ വർഷവും ഒരു ദിനം മാറ്റിവയ്‌ക്കണമെന്നായിരുന്നു ഹാർവിയുടെ ആഗ്രഹം.
1999-ലാണ് ആദ്യമായി ലോക പുഞ്ചിരി ദിനം ആഘോഷിച്ചത്. 2001-ൽ ഹാർവി മരണപ്പെട്ടതിന് ശേഷം ‘ഹാർവി ബാൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ’ രൂപീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണയക്കായി ഹാർവി ബോൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ ഈ ദിനം എല്ലാ വർഷവും പുഞ്ചിരി ദിനമായി ആചരിക്കാനും ആരംഭിച്ചു.
അതേസമയം പുഞ്ചിരി ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അര കിലോമീറ്റർ നടക്കുന്നതിന് തുല്യഫലമാണ് മനസ് തുറന്നുള്ള ഒരു ചിരി. അത് മാത്രമല്ല ചിരി എന്നത് ഒരു പ്രത്യേക ഊർജ്ജമായി ശരീരത്തിൽ പ്രവർത്തിക്കുന്നുവെന്നും ആരോഗ്യത്തിന് നല്ലതാണെന്നും രോഗ പ്രതിരോധ സംവിധാനത്തെയും മാനസികാരോഗ്യത്തെയും ശക്തിപ്പെടുത്തുന്നുവെന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുമെന്നും സൗന്ദര്യം വർദ്ധിപ്പിക്കുമെന്നും വൈദ്യശാസ്ത്രത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ ഹൃദ്രോഗ അപകടസാധ്യത കുറയ്‌ക്കാനും കുടവയർ കുറയ്‌ക്കാനും വേദന കുറയ്‌ക്കാനും ശരീര ഭാരം കുറയ്‌ക്കാനും സഹായിക്കുന്നു. ചിരി ആയുസ്സ് കൂട്ടുമെന്നാണ് പറയുന്നത്. കൂടുതൽ ചിരിക്കുന്നവരാണ് കൂടുതൽ കാലം ജീവിക്കുക എന്നാണ് സൈക്കോളജിസ്റ്റുകളുടെ പഠനങ്ങൾ തെളിയിക്കുന്നത്. ദന്ത സംരക്ഷണവും പുഞ്ചിരിക്ക് പ്രധാന ഘടകമാണെന്ന് ദന്തരോഗ വിദഗ്ധരും പറയുന്നു. കാരണം ആത്മവിശ്വാസത്തോടെ ഒന്ന് പുഞ്ചിരിക്കാൻ നിരയൊത്ത, വൃത്തിയുള്ള പല്ലുകൾ വളരെ അത്യന്താപേക്ഷിതമാണ്. എന്നാൽ നിരതെറ്റിയ പല്ലുകളും, പല്ലിലിലെ മഞ്ഞപ്പും കറകളും ചിരിയ്‌ക്ക് തടസ്സമാകും. അതിനാൽ ദന്ത സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.















