ഗാങ്ടോക്ക്: മിന്നൽ പ്രളയം നാശം വിതച്ച സിക്കിമിന് കൈത്താങ്ങായി കേന്ദ്ര സർക്കാർ. രക്ഷാദൗത്യത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സർക്കാർ അടിയന്തര ധനസഹായം അനുവദിച്ചു. 44.80 കോടിയുടെ രൂപ ഉടൻ കൈമാറും.
സിക്കിമിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ആഭ്യന്തര മന്ത്രാലയം മന്ത്രിതല സമിതിയെയും നിയോഗിച്ചു. മന്ത്രിതല സമിതി സിക്കിം സന്ദർശിച്ച ശേഷം നാശനഷ്ടങ്ങൾ വിലയിരുത്തും. സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം അനുവദിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
നേരത്തെ മിന്നൽ പ്രളയമുണ്ടായ സിക്കിമിലെ സ്ഥിതിവിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തിയിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗുമായി ഫോണിൽ സംസാരിച്ച അദ്ദേഹം എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
അതേസമയം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികർ ഉൾപ്പെടെ 103 പേരെയാണ് പ്രളയത്തിൽ കാണാതായത്. മൃതദേഹങ്ങൾ ബംഗാളിലെ ജൽപായ് ഗുഡിയിലെ ടീസ്ത നദിയിൽ നിന്നുമാണ് കണ്ടെടുത്തത്. മിന്നൽ പ്രളയം ഇതുവരെ 22,034 പേരെ ബാധിച്ചതായും ഇതുവരെ 2011 പേരെ രക്ഷിച്ചെന്നുമാണ് ദുരന്തനിവാരണ സേനയുടെ കണക്ക്. അതിനിടയിൽ സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















