കൊൽക്കത്ത: പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ ചെറുപീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് മരണം. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. സിക്കിമിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ സൈനിക ക്യാമ്പുകളിൽ അടക്കം വെള്ളം കയറിയിരുന്നു. ഇവിടെ നിന്ന് പ്രളയജലത്തിലൂടെ ഒഴുകിയെത്തിയ സൈന്യത്തിന്റെ ചെറുപീരങ്കി ഷെൽ ആകാം ഇതെന്നാണ് പ്രാഥമിക നിഗമനം.
ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. തീസ്ത നദിയിലൂടെ ഒഴുകിയെത്തിയ ചെറുപീരങ്കി ഷെൽ പ്രദേശവാസി വിൽക്കാനായി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആക്രിയെന്ന് കരുതി വിൽക്കാൻ ഉദ്ദേശിച്ച് എടുത്ത ഷെൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നും പോലീസ് പറയുന്നു.
സംഭവത്തിൽ രണ്ടുപേർ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നദിയിലൂടെ ഒഴുകി വരുന്ന സ്ഫോടകവസ്തുക്കൾ എടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിക്കിമിലെ വെള്ളപ്പൊക്കത്തിൽ സൈനിക ക്യാമ്പുകളിൽ നിന്ന് നിവധി വസ്തുക്കൾ ഒലിച്ച് പോയിട്ടുണ്ട്. ഇത്തരത്തിലുള്ള സ്‌ഫോടക വസ്തുക്കൾ പലയിടത്തും നിർവീര്യമാകാതെ കിടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മുന്നറിയിപ്പ് നൽകുന്നതെന്ന് പോലീസ് വ്യക്തമാക്കി.
അപരിചിതമായ വസ്തുക്കളോ, പെട്ടികളോ, പൊതികളോ, തോക്കുകളോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ പൊങ്ങിക്കിടക്കുന്നത് കണ്ടാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം വൻ സ്‌ഫോടനത്തിന് തന്നെ സാധ്യതയുണ്ട്.