നിർമ്മാണത്തിലെ അനാസ്ഥ; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം; ആലുവ ജില്ലാ ആശുപത്രിയിൽ 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉപയോഗശൂന്യം

Published by
Janam Web Desk

എറണാകുളം: ആലുവ ജില്ലാ ആശുപത്രിയിൽ 30 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉപയോഗശൂന്യം. ഉദ്ഘാടനം കഴിഞ്ഞ് 5 വർഷമായിട്ടും ഉപയോഗിക്കാതെ കിടക്കുകയാണ് ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ്. നിർമ്മാണത്തിലെ ക്രമക്കേട് കാരണം ഇവിടെ ഒരുക്കിയ സ്വിംമ്മിഗ് പൂൾ അടക്കം ഉപയോഗശൂന്യമായതാണ് അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉപയോഗശൂന്യമാകാൻ കാരണമെന്നാണ് സൂചന. ഇവിടെ സ്ഥാപിച്ച 10 ലക്ഷം രൂപയുടെ ഹീറ്ററും ഉപയോഗിക്കാതെ കിടന്ന് തകരാറിലായി.

2018 ഓഗസ്റ്റ് 8-നാണ് ആലുവ ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച ഇൻഡോർ അക്വാട്ടിക്ക് തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപമുടക്കിയായിരുന്നു യൂണിറ്റിന്റെ നിർമ്മാണം. ഇതിനുള്ളിൽ സജ്ജീകരിച്ച സ്വിമ്മിംഗ് പൂൾ അടക്കം തെറാപ്പി യൂണിറ്റ് നാളിതുവരെ ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇവിടെ നിർമ്മിച്ച ടാങ്ക് പ്ലാസ്റ്റർ ചെയ്യുന്നതടക്കമുള്ള ജോലികൾ ചെയ്തിരുന്നില്ല.

ഇത് കാരണം ഉദ്ഘാടനസമയത്ത് തന്നെ ചോർച്ച ഉണ്ടായിരുന്നു. ഇവിടെ സ്്ഥാപിച്ച പത്തുലക്ഷം രുപ വിലവരുന്ന ഹീറ്റർ ഉപയോഗിക്കാതെ കിടന്ന് തകരാറിലായി. എംഎൽഎ ഫണ്ടിന് പുറമെ തെറാപ്പി യൂണിറ്റിലെ ഉപകരണങ്ങൾക്കും പണം ചിലവഴിച്ചിരുന്നു. നിലവിൽ നിർമ്മാണം നടക്കുന്നു എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ നിലവിൽ ഒരു നിർമ്മാണപ്രവർത്തികളും ഇവിടെ നടക്കുന്നില്ല. ആലുവ ജില്ല ഹീമോഫീലിയ രോഗികളുടെ ചികിത്സയ്‌ക്ക് ഏറെ പ്രയോജനകരമെന്ന് കരുതിയ പദ്ധതിയാണ് നിർമ്മാണത്തിലെ അനാസ്ഥമൂലം ഉപയോഗശൂന്യമായത്. 600-ൽ അധികം ഹീമോഫീലിയ രോഗികളാണ് ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

 

 

Share
Leave a Comment