നീണ്ട 14 ദിവസത്തെ ദൗത്യത്തിന് ശേഷം പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഗാഢനിദ്രയിലാണ്. ഇരുവരും ഉണരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശാസ്ത്രലോകം ഇപ്പോഴും. എന്നാൽ ചന്ദ്രനിലെ രണ്ടാം രാത്രി ആരംഭിച്ചിട്ടും ഉറക്കമുണരാൻ ഇരുവരും കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ സാറ്റ്‌ലൈറ്റ് സെന്റർ ഡയറക്ടർ യുആർ റാവുവിന്റെ വാക്കുകൾ ഏറെ പ്രചോദനം നൽകുന്നവയാണ്. ചാന്ദ്രരാത്രി അവസാനിച്ച് വീണ്ടും വെളിച്ചം വീണ് കഴിഞ്ഞാൽ ഇരുവരും ഉണർന്നേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനുള്ള സാധ്യത വളരെ കുറവാണ്. എന്നിരുന്നാലും ആ സാധ്യതയെ ശാസ്ത്രലോകം തള്ളി കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ അറ തുറക്കാനുള്ള ഇസ്രോയുടെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഉണർന്നാൽ ഇനി ലഭിക്കുന്നത് ബോണസ് വിവരങ്ങളാകും. ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു ദൗത്യത്തിന് ആയുസ് പറഞ്ഞിരുന്നത്. എന്നാലും ഇരുവരും വീണ്ടും ഉണരാനുള്ള സാധ്യത പകുതിയിലധികമായിരുന്നു. ലാൻഡറും റോവറും വീണ്ടും ഉണർന്ന് കോടിക്കണക്കിന് വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ.
ഓഗസ്റ്റ് 23-നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ സ്പർശിച്ചത്. 14 ദിവസം കൊണ്ട് ഉപരിതലത്തിലെ താപനില. പ്രകമ്പനങ്ങൾ, സൾഫറിന്റെ സാന്നിധ്യം, മൂലകങ്ങളുടെ സാന്നിധ്യം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ റോവറിനും ലാൻഡറിനുമായി. ചന്ദ്രോപരിതലത്തെ കുറിച്ച് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത് വരികയാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ബോണസ് വിവരങ്ങൾ പേടകത്തിൽ നിന്ന് ലഭിച്ചില്ലെങ്കിലും ചന്ദ്രയാൻ-3 പരിപൂർണ വിജയമാണെന്ന് ഇസ്രോ മേധാവി എസ്.സോമനാഥ് പറഞ്ഞിരുന്നു. വളരെ അപ്രതീക്ഷിതമായി നടന്ന ലാൻഡറിന്റെ ഹോപ്പ് പരീക്ഷണവും ദൗത്യത്തിന്റെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. പുതിയ അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.















